
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തിന്റെ ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. എ്ന്.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ശ്രീലങ്കയിലേക്ക് പോകും. സ്ഫോടനത്തില്‍ ഐ.എസിന്റെ കേരള ഘടകത്തിനു ബന്ധമുള്ളതായി എന്‍.ഐ.എയ്ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.എസ് ബന്ധമുള്ള ചില കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ പങ്കാളിയാകാന്‍ എന്‍.ഐ.എയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇക്കാര്യം പല തവണ ശ്രീലങ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് സൂചന. ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ ശ്രീലങ്ക വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല.
ഏപ്രില്‍ 21ന് കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളില്‍ 46 വിദേശികള്‍ അടക്കം 258 പേരാണ് കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊളംബോ, നെഗോബോ, ബാട്ടികലോവ എന്നിവിടങ്ങളിലെ പള്ളികളിലും ഷാങ്രി-ല, സിന്നമോന്‍ ഗ്രാന്‍ഡ്, കിങ്സ്ബറി, ട്രോപിക്കല്‍ ഇന്‍ എന്നീ ഹോട്ടലുകളലുമാണ് ആക്രമണം നടന്നത്. പ്രദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീത് ജമാത്ത് ആണ് ആക്രമണത്തിനു പിന്നിലെന്നും കണ്ടെത്തിയിരുന്നു.






