ന്യൂഡല്‍ഹി: ബംഗാളികളെ അവഹേളിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. ബംഗാളിന്റെ മഹത്വം പോയെന്നും ഇപ്പോള്‍ അവിടുത്തെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാരും പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്സര്മാരുമാണെന്ന് തഥാഗത റോയ് പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പരാമര്‍ശിച്ചാണ് ഗവര്‍ണറുടെ അധിക്ഷേപ പരാമര്‍ശം.
മമതയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് തഥാഗതാ റോയ് ആരോപിച്ചു. മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്ന സംസഥാനങ്ങളല്ല. അവിടെയൊന്നുമില്ലാത്ത എതിര്‍പ്പാണ് ബംഗാള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് റോയ് ആരോപിച്ചു. ബംഗാള്‍ സ്വാമി വിവേകാനന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബംഗാളികള്‍ക്ക് ഹിന്ദി പഠിക്കാന്‍ കഴിയാത്തതെന്നും റോയ് ചോദിച്ചു. ഇവരെല്ലാം ഹിന്ദി ഭാഷ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ മഹത്തരമായതെന്നും റോയ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്നത്തെ ബംഗാളിന്റെ അവസ്ഥയെന്താണ് ഇവിടുത്തെ ആണ്‍കുട്ടികളെല്ലാം ഹരിയാനയിലെയും കേരളത്തിലെയും വീടുകളില്‍ തൂപ്പുകാരുടെ പണിയാണ് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ മുംബൈയില്‍ ബാര്‍ ഡാന്‍സര്‍മാരാണ്. അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പായി ഇത് കൂടി ആലോചിക്കണമെന്നും തഥാഗതാ റോയ് പറഞ്ഞു.






