
തിരുവനന്തപുരം : കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ, നിപയുടെ രണ്ടാംവരവും പ്രവാസിവരുമാനത്തിലെ ഇടിവും കേരളത്തിനു കൂനിന്മേല് കുരുവാകുന്നു. സംസ്ഥാനത്തു നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതു സാമ്പത്തികമേഖലയില്‍ നിര്‍ണായകസ്വാധീനമുള്ള വിനോദസഞ്ചാരമേഖലയ്ക്കു തിരിച്ചടിയായി.
ഒന്നരവര്‍ഷമായി പ്രകൃതിദുരന്തങ്ങള്‍ സംസ്ഥാനവരുമാനത്തെ ഏറെ ബാധിക്കുന്നതായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നിപ വൈറസ് ബാധയുണ്ടായെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാതെ പ്രതിരോധിക്കാന്‍ കഴിഞ്ഞതിനാല്‍ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, നിപയുടെ രണ്ടാംവരവ് വിദേശവിനോദസഞ്ചാരികളില്‍ ആശങ്കയ്ക്ക് ഇടയാക്കി. ഇതു മണ്‍സൂണ്‍ ടൂറിസത്തെ ബാധിച്ചാല്‍ സാമ്പത്തികപ്രതിസന്ധിക്ക് ആക്കംകൂടും.
കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയം സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അതിനു പിന്നാലെയായിരുന്നു നിപയുടെ രംഗപ്രവേശം. എന്നിട്ടും കഴിഞ്ഞവര്‍ഷം വിനോദസഞ്ചാരമേഖലയില്നിന്നു 36,528 കോടി രൂപയുടെ വരുമാനം ലഭിച്ചു. 2017-ലെ വരുമാനത്തേക്കാള്‍ 2,874.33 കോടി രൂപയുടെ വര്‍ധനയുമുണ്ടായി. 2017-ല്‍ 15.76 ദശലക്ഷം വിനോദസഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 16.7 ദശലക്ഷം പേരെത്തി. എന്നാല്‍, വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷിച്ച വര്‍ധനയുണ്ടായില്ലെന്നു വിനോദസഞ്ചാരമേഖലയിലുള്ളവര് പറയുന്നു.
ഗള്‍ഫില്‍ ഉള്‍പ്പെടെ പ്രവാസികളുടെ സാധ്യതകള്‍ കുറഞ്ഞതും സംസ്ഥാനവരുമാനത്തിനു തിരിച്ചടിയാണ്. ജി.എസ്.ടി. വരുമാനം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിക്കാനും സംസ്ഥാനസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇക്കൊല്ലം 30% വളര്‍ച്ചയാണ് ജി.എസ്.ടിയില്‍ ധനവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇടയ്ക്കു പൊതുതെരഞ്ഞെടുപ്പ് വന്നത് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വ്യാപാരികളുടെ റിട്ടേണ്‍ പരിശോധിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചരക്ക് സേവനനികുതി കമ്മിഷണര്‍ ടിങ്കു ബിസ്വാള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ജീവനക്കാരുടെ പരിശീലനപരിപാടികളും ആരംഭിച്ചു. എന്നാല്‍, ചെക്പോസ്റ്റുകള്‍ ഇല്ലാതായതും സാങ്കേതികസംവിധാനങ്ങള്‍ പൂര്ണസജ്ജമാക്കാത്തതും നികുതിവരുമാനത്തെ ബാധിക്കുമെന്നു വകുപ്പുവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍വര്‍ഷങ്ങളില്‍ ദേശീയതലത്തില്‍ ജി.എസ്.ടി. വര്‍ധിച്ചപ്പോഴും കേരളത്തില്‍ കുറയുന്ന പ്രവണതയായിരുന്നു. ജി.എസ്.ടി. വര്‍ധന കണക്കാക്കി, 2018-19 സാമ്പത്തികവര്‍ഷം 46,795.68 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിച്ചത്. എന്നാല്‍, 3000 കോടിയിലേറെ കുറഞ്ഞ്, 43,707.18 കോടി രൂപയാണു ലഭിച്ചത്. അത്രയും ലഭിച്ചതുതന്നെ ഇന്ധനനികുതി വര്‍ധനമൂലമാണ്. ജി.എസ്.ടിയില്‍ 3000 കോടിയുടെ കുറവുണ്ടായതും വിനോദസഞ്ചാരമേഖലയിലെ ഇടിവുമാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിക്കു കാരണം.
ആര്. സുരേഷ്






