
തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് കള്ളപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.
സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പ് തന്നെ വ്യാപകമായ കള്ളപ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ താൻ അതിനെ ശക്തമായി വിമർശിച്ചിരുന്നുവെന്നും, വൈസ് ചാൻസലർമാരുടെ പദവിക്ക് ചേർന്നതല്ല സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിമർശനം മാത്രം പോരെന്ന് അന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും, അന്ന് അത് തെറ്റാണെന്ന് പോലും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാൻസലർമാർ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാൾ സിപിഐഎം സംഘടനയുടെ നേതാവായിരുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതെല്ലാം മറന്ന് ഇപ്പോൾ സർക്കാരിനെതിരെ വ്യാപകമായ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.






