
സംവിധായകന് ആര്.എസ്. വിമലിന്റെ പുതിയ ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്. വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കര്‍ണന്റെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. കര്ണന് എന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ ആവശ്യമുണ്ടെന്ന് വ്യാജപരസ്യം നല്കി പണം തട്ടുന്നതായാണ് വിമല്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിമല്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പേജിലും വിമല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിക്രം നായകനാകുന്ന ചിത്രത്തിന് 76 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്നും ഇതിന് വേണ്ട ചിലവായി 200000 രൂപ അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നുമാണ് വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്. കര്‍ണന്റെ കാമുകിയായ കാഞ്ചനമാലയുടെ റോളിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 8500രൂപ ഓണ്‍ലൈനായി അടച്ച് കരാര്‍ ഒപ്പിടണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം, മഹാഭാരതത്തില്‍ അത്തരമൊരു കഥാപാത്രം ഇല്ലെന്ന് അറിയാത്തവരാണ് ചതിക്കുഴിയില്‍ വീണിരിക്കുന്നത്.






