
ന്യൂഡല്‍ഹി : താമസക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ച് കൊച്ചി മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കുന്നത് തടഞ്ഞു. സുപ്രീംകോടതി ഇടക്കാല ബെഞ്ചാണ് ആറ് ആഴ്ചത്തേയ്ക്ക് നിലവിലെ സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരിക്കുന്നത്.
'ആല്‍ഫാ സെറീന്' അപ്പാര്‍ട്ടുമെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ച് മാറ്റണമെന്ന വിധി സ്വഭാവിക നീതിയുടെ ലംഘനമാണെന്നും നിയമലംഘനം ആദ്യം പരിശോധിക്കേണ്ടത് മന്ത്രാലയമാണ് കോടതി അല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. താമസക്കാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ലെന്നും താമസക്കാരുടെ വാദം കേള്‍ക്കാതെയുള്ള വിധി ഏകപക്ഷീയമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഒന്നാം കക്ഷിയാക്കിയാണ് റിട്ട് ഹര്‍ജി.
ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മരടിലെ അഞ്ച് അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.






