
ന്യുഡല്‍ഹി: പഞ്ചാബ് മന്ത്രിസഭയിലെ അഴിച്ചുപണിക്കു പിന്നാലെ മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് നിവേദനം കൈമാറി. സിദ്ദുവിനെ സുപ്രധാന വകുപ്പില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ വകുപ്പിലേക്ക് കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭ അഴിച്ചുപണിക്കിടെയാണ് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുണ്ടായ ശീതസമരത്തിനു പിന്നാലെയാണ് ഈ തരംതാഴ്ത്തല്‍.
കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് കത്ത് കൈമാറിയെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനുമൊപ്പമുള്ള ചിത്രവും സിദ്ദു ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുന്‍ ക്രിക്കറ്റ് താരമായ സിദ്ദു ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാണ് 2017ലെ പഞ്ചാബ് തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിലെത്തിയത്. മന്ത്രിസഭയില്‍ തരംതാഴത്തിയതില് പ്രതിഷേധിച്ച് വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നു വിട്ടുനിന്ന സിദ്ദു ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു. മുഖ്യമന്ത്രി രൂപീകരിച്ച എട്ട് സമിതികളില്‍ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു.






