
പോയവര്‍ഷം കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയൊരുക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന് ജയരാജ്. പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് 'രൗദ്രം 2018' എന്നാണ് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രമാണിത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമെ വരികള്‍ എഴുതിയിരിക്കുന്നതും ജയരാജ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് രൗദ്രം 2018ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൃദ്ധ ദമ്പതികളുടെ വേഷത്തിലാണ് ഇരുവരും എത്തുക. സബിത ജയരാജ്, സരയൂ, ബിനു പപ്പന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.
പ്രകൃതിയുടെ സംഹാരരൗദ്ര താളത്തിനുമുന്നില്‍ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടോവിനോ കുറിച്ചിരുന്നു. പ്രളയത്തിന്റെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന് നിലയില്‍, യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നിപ്പ വൈറസ് പനിയെ പശ്ചാത്തലമാക്കി രൗദ്രം എന്ന ചിത്രം ഒരുക്കാന്‍ ജയരാജ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആഷിഖ് അബു ഈ പ്രമേയത്തില്‍ വൈറസ് എന്ന ചിത്രം ആരംഭിച്ചതോടെ ജയരാജ് പിന്മാറുകയായിരുന്നു.
നേരത്തെ നിപ്പ രോഗ ബാധയെ ആസ്പദമാക്കി രൗദ്രം ഒരുക്കാനായിരുന്നു ജയരാജ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഷിക്ക് അബു ഇതേ പ്രമേയത്തില്‍ ൈവറസ് എന്ന ചിത്രം ആരംഭിച്ചതോടെ ജയരാജ് പിന്മാറുകയായിരുന്നു.






