
ഝാന്‍സി: കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന നാല് യാത്രക്കാര്‍ മരിച്ചു. കടുത്ത ചൂടിനെ തുടര്‍ന്ന് യു.പിയിലെ ഝാന്‍സിയില്‍ വച്ചാണ് യാത്രക്കാര്‍ മരിച്ചത്. മൂന്ന് പേര് ട്രെയിനില്‍ വച്ചും ഒരാള്‍ ഝാന്‍സിയിലെ റെയില്‍വേ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബാലകൃഷ്ണ രാമസ്വാമി (70), സുബ്ബരായ (80), ദിവ നായ്,പി. കമല (76) എന്നിവരാണ് മരിച്ചത്. നാല് പേരും കോയമ്പത്തൂര്‍ സ്വദേശികളാണ്.
മരിച്ച നാല് പേരും ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്നു. നാല് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോയമ്പത്തൂരില്‍ നിന്ന് ആഗ്രയിലേക്ക് പോയ 67 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു മരിച്ച നാല് പേരും. എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് നാല് പേരും റെയില്‍വേ അധികൃതരെ അറിയിച്ചു. ഗ്വാളിയോര്‍ എത്തിയപ്പോഴാണ് ശാരീരികാസ്വാസ്ഥ്യം തോന്നിയത്. തുടര്‍ന്ന് ടി.ടി.ഇ ഝാന്‍സി കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു. ഝാന്‍സി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചുവെങ്കിലും മൂന്ന് പേര് മരിച്ചിരുന്നു. അവശേഷിച്ച ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വച്ചാണ് നാലാമത്തെയാള്‍ മരിച്ചത്.
ചൂട് കാരണമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.






