
തിരുവനന്തപുരം: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ സംഗീതം സംവിധാനം ചെയ്യുന്നത് പതിമൂന്നു കാരനായ ലിഡിയന് നാദസ്വരം. ഇന്ത്യയുടെ നിധിയെന്ന് പ്രമുഖ സംഗീതസംവിധായകന് എ.ആര് റഹ്മാന് വിശേഷിപ്പിച്ച ലിഡിയന് ചിത്രത്തിന്റെ കമ്പോസിംഗിനായി കൊച്ചിയിലെത്തി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുല്യ പ്രതിഭ എന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചത്.
കാലിഫോര്‍ണിയയില്‍ നടന്ന സി.ബി.എസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ് പിയാനോ മാന്ത്രികനായ ലിഡിയന് ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഏഴുകോടിരൂപ ആയിരുന്നു സമ്മാനം. കൊറിയന്‍ ടീമിനെയാണ് ഫൈനലില്‍ ലിഡിയന് പരാജയപ്പെടുത്തിയത്.
തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീശന്റെ മകനായ ലിഡിയന് രണ്ടാം വയസില്‍ തന്നെ സംഗീത ഉപകരണങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കുകായിരുന്നു. ഒമ്പതാം വയസില്‍ പിയാനോ പഠിക്കാന്‍ തുടങ്ങി. ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ ചേര്‍ന്ന് ചെറിയ പ്രായത്തില്‍ പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടി.
എ.ആര് റഹ്മാന്റെ ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് ലിഡിയന് റഹ്മാന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ അംഗമായത്. ഒരേസമയം രണ്ട് പിയാനോയില്‍ വ്യത്യസ്തമായ നോട്ടുകള്‍ വായിച്ച് വിമയ്പ്പിക്കും കൂടാതെ കണ്ണുകെട്ടി പിയാനോ വായിച്ച് കാണികള്‍ക്ക് ഹരി പകര്‍ന്നിട്ടുണ്ട്്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കണമെന്നതാണ് ഈ കൊച്ചുതാരത്തിന്റെ മോഹം.
അതേസമയം ബറോസിന്റെ ചിത്രീകരണം വരുന്ന ജനുവരിയില്‍ ആരംഭിക്കും. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ബറോസിന്റെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാതോര്‍ത്തിരിക്കെയാണ് വിവരം പുറത്തുവരുന്നത്.






