ചെന്നൈ: സംവിധായകന് പാ രഞ്ജിത്തിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് എച്ച് രാജ. രാജ രാജ ചോളന് ഒന്നാമനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജയുടെ ആരോപണം.
രഞ്ജിത്ത് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച രാജ, പാ രഞ്ജിത്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് മനുഷ്യരെ പരിവര്‍ത്തനം ചെയ്യിക്കുന്ന പദ്ധതിയുടെ സഹായിയാണെന്നും രാജ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാജ ആരോപണം ഉന്നയിച്ചത്. പാ രഞ്ജിത്തിന്റെയും ഭാര്യയുടേയും ചിത്രം പങ്കുവച്ചുകൊണ്ടാണ് രാജയുടെ ആരോപണം.
അതിനിടെ പാ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ചിന് മുമ്പാകെയാണ് രഞ്ജിത്ത് ജാമ്യാപേക്ഷ നല്‍കിയത്. ഹിന്ദു മക്കള്‍ കക്ഷി നേതാവ് കാ ബാല നല്കിയ പരാതിയിലാണ് രഞ്ജിത്തിനെതിരെ തിരുപ്പനന്താല്‍ പോലീസ് കേസെടുത്തത്.
മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍ (153 എ (1)) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗയല് ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പാ രഞ്ജിത്ത് രാജ രാജ ചോളന് ഒന്നാമന്റെ ഭരണകാലത്തെ വിമര്‍ശിച്ചത്.






