
താന്‍ മരണപ്പെട്ടാല്‍ തന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്ന് സാഹിത്യകാരന് ടി പത്മനാഭന്. തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിലെ നദിയിലൊഴിക്കിയതും ബലിതര്‍പ്പണം നടത്തിയതും സമൂഹം കീഴ്ജാതിക്കാരെന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നുവെന്നും ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസില്‍ യൗവനമുണ്ട്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല. ഇന്നുനമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതി വാല് ചേര്‍ക്കുകയാണ് ടി പത്മനാഭന് പറഞ്ഞു.






