
ഫെയ്സ്ബുക്ക് 'കാലിബ്ര' എന്ന പേരില്‍ പുതിയ ഇ-വാലറ്റ് സേവനത്തിന് തുടക്കമിടാന്‍ പോകുന്നു. 2020 ലാണ് കാലിബ്ര ഇ-വാലറ്റ് സേവനം ആരംഭിക്കുക എന്നാണ് സൂചന. കറന്‍സിയുടെ പേര് ലിബ്രാ (Libra) എന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഫെയ്സ്ബുക്കിന്റെ കയ്യിലായിരിക്കില്ല ലിബ്രായുടെ നിയന്ത്രണം. ഫെയ്സ്ബുക്കിനൊപ്പം ലോകമെമ്പാടും നിന്നുള്ള 27 കമ്പനികളെയും ഒപ്പം ചേര്‍ത്താണ് ഇതു നടത്തുന്നത്. കാലിബ്ര വഴി ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്ന വേഗതയില്‍ കുറഞ്ഞ ചിലവിലും ചിലവുകളില്ലാതെയും ആര്‍ക്കും ലിബ്ര ക്രിപ്റ്റോ കറന്‍സി കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു.
200 കോടിയോളം സജീവമായ ഉപയോക്താക്കള്‍ ഫെയ്സ്ബുക്ക് വെബ്സൈറ്റ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സേവനങ്ങളിലെല്ലാം കൂടി ഉണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് കാലിബ്ര എന്നപേരില്‍ ഒരു സാര്‍വത്രികമായ കറന്‍സി രൂപപ്പെടുത്താന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. ലിബ്ര കറന്‍സിയ്ക്ക് വേണ്ടിയുള്ള കാലിബ്ര വാലറ്റാണ് ഫെയ്സ്ബുക്ക് ആദ്യമായി അവതരിപ്പിക്കുന്നത്.
ബ്ലോക്ക്ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഗ്ലോബല്‍ കറന്‍സിയാണിത്. മെസഞ്ചര്‍, വാട്സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും കാലിബ്ര വാലറ്റ് ലഭ്യമായേക്കും. കാലിബ്ര ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കില്ലെന്നും പരസ്യ വിതരണത്തിനായി ഉപയോഗിക്കില്ലെന്നും ഫെയ്സ്ബുക്ക് പറയുന്നു. തട്ടിപ്പും മറ്റും ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായരിക്കും. ലിബ്രയ്ക്ക് അതിന്റെ സ്വന്തം പ്രോഗ്രാമിങ് ഭാഷയും ഉണ്ടാകുമെന്നാണ് പറയുന്നത്.






