
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ എന്ന സിനിമയില്‍ ലേഖ എന്ന കഥാപാത്രത്തെ മലയാളി ആരാധകര്‍ ഒരിക്കലും മറക്കില്ല. വായാടിയായി പാറിപ്പറന്ന് നടന്ന് ഒടുവില്‍ ഉറ്റസുഹൃത്തായ ചന്ദ്രയ്ക്കുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മടിക്കാത്ത കുറുമ്പത്തി.. അതേ ലേഖയായി ആരാധകരുടെ മനസില്‍ ഇടംനേടിയ പൂജ ബത്ര. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി പൂജ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അടുത്തിടെ ചര്‍ച്ചയായത്. എന്നാല്‍ കാമുകന് ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. കാമുകന്റെ കൈയുടെ ചിത്രം മാത്രം പങ്കുവെച്ചാണ് താരം പ്രണയം വെളിപ്പെടുത്തിയത്. പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നും പൂജ കുറിച്ചിരുന്നു. പിന്നാലെ കാമുകനെ തിരഞ്ഞ് ആരാധകപ്രവാഹമായി. ഇതിനിടെയാണ് മറഞ്ഞിരുന്ന കാമുകന് തന്നെ ആ സര്‍പ്രൈസുമായി രംഗത്തെത്തിയത്.
നടന് നവാബ് ഷാ ആണ് പൂജയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് ആ സര്‍പ്രൈസ് പൊളിച്ചത്. ഗോവയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരുമിപ്പോള്‍. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് നവാബ് ഷാ. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. ചന്ദ്രലേഖയ്ക്കു പുറമെ, മമ്മുട്ടി ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന് എന്നീ ചിത്രങ്ങളിലും പൂജ തിളങ്ങിയിരുന്നു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ വിവാഹം കഴിച്ചുവെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.






