
സതാംപ്ടണ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അമ്പയറോട് കയര്‍ത്തതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഐസിസി പിഴ വിധിച്ചു. ക്ഷോഭിക്കുന്ന രീതിയില്‍ അമ്പയറായ അലീം ദാറിനോട് കയര്‍ത്തതിനാണ് മാച്ച് ഫീയുടെ 25 ശതമാനം പിഴയായി വിധിച്ചത്. ശനിയാഴ്ച സതാംപ്ടണില്‍ നടന്ന അഫ്ഗാനിസ്ഥാന്-ഇന്ത്യ മത്സരത്തിനിടെയാണ് വിക്കറ്റിന്റെ പേരില്‍ അമ്പയറോട് ഇന്ത്യന്‍ നായകന് കയര്‍ത്തത്.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ വണ്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് കോഹ്ലിക്ക് പിഴ വിധിച്ചത്. രാജ്യാന്തര മത്സരത്തില്‍ 'അമിതമായി അപ്പീല്‍ ചെയ്തുവെന്നാണ്' കോഹ്ലിക്കെതിരായ കുറ്റം. ഫീല്‍ഡ് അമ്പയര്‍മാരായ അലീം ദാറും റിച്ചാര്‍ഡ് ഇല്ലിങ്വേര്ത്തും, തേഡ് അമ്പയറായ കെറ്റില്ബോറോഹ്, ഫോര്‍ത്ത് ഒഫിഷ്യലായ മൈക്കല്‍ ഗോഹ് എന്നിവരും കോഹ്ലിക്കെതിരായ കുറ്റം ശരിവെച്ചു.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തി 225 ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്റെ 29-ാമത്തെ ഓവറിലാണ് സംഭവം. അഫ്ഗാന് വിജയപ്രതീക്ഷ നല്കി ക്രീസില്‍ തുടര്‍ന്ന മൊഹമ്മദ് നബിയുടെ വിക്കറ്റിനാണ് ഇന്ത്യ അപ്പീല്‍ ചെയ്തത്. മുഹമ്മദ് ഷമിയുടെ പന്തിലാണ് എല്ബിയ്ക്കായി ടീം അപ്പീല്‍ വിളിച്ചത്. മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടെങ്കിലും ഔട്ടല്ലെന്ന് വിധി വന്നതിനു ശേഷമാണ് തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് കോഹ്ലി അമ്പയറോട് തര്‍ക്കിക്കുകയായിരുന്നു.






