
ന്യൂഡല്‍ഹി: ഇന്ത്യയെ വിറപ്പിച്ച ആ കറുത്ത അദ്ധ്യായത്തിന്റെ 44 ാം വാര്‍ഷികത്തില്‍ എതിരേ പൊരുതിയവര്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അടിയന്തിരാവസ്ഥയ്ക്ക് എതിരേ നിര്‍ഭയമായി നിരന്തരം പോരാടിയവര്‍ക്ക് മോഡി ട്വിറ്ററിലൂടെയാണ് അഭിവാദനം അര്‍പ്പിച്ചത്. അടിയന്തിരാവസ്ഥയേക്കാള്‍ വലിയൊരു ഭീഷണി ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ ഉണ്ടായിട്ടേയില്ലെന്ന് പ്രധാനമന്ത്രി കുറിച്ചു.
അടിയന്തിരാവസ്ഥയുടെ ഇരുട്ടിലൂടെ കൊടിയ പീഡനങ്ങളുടെ ഭീഷണി ഉയര്‍ന്നിട്ടും രാജ്യം അതിനെതിരേ നട്ടെല്ലു വളയ്ക്കാതെ നിന്നു. 1975 ജൂണ്‍ 25 ലേത് പോലെയുള്ള ഒരു രാവ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും മറക്കാനാകില്ല. രാജ്യത്തെ ജയിലാക്കി മാറ്റിയതും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്ത്തിയതുമായ മാര്‍ഗ്ഗം ഇന്ത്യാക്കാര്‍ക്ക് വിസ്മരിക്കാനാകില്ല. നീതിന്യായത്തെ അടിയന്തിരാവസ്ഥയുടെ കാര്‍മേഘം മൂടിയ ദിവസം ജയ് പ്രകാശ് നാരായണനെ പോലെയുള്ളവര്‍ ജയിലിലായി. അടിയന്തിരാവസ്ഥയെക്കുറിച്ചു ജനങ്ങള്‍ നിരന്തരം സംസാരിക്കണം. എങ്കിലേ അതിനേക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തു. ജനാധിപത്യം എത്ര പ്രാധാന്യമുള്ള കാര്യമാണെന്ന് അറിയാന്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കണം.
അതേസമയം അടിയന്തിരാവസ്ഥയെ വിഷയമാക്കി ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രിയെ ട്രോളി ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും രംഗത്ത് വന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണെങ്കില് കഴിഞ്ഞ അഞ്ചു വര്‍ഷം നാം നേരിട്ടത് അതിനേക്കാര്‍ വലിയ അടിയന്തിരാവസ്ഥ ആണെന്നായിരുന്നു ടിഎംസി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി കുറിച്ചത്്. അതേസമയം മമതയെ പരിഹസിച്ച് ബിജെപിയും രംഗത്ത വന്നിട്ടുണ്ട്.
മമതയുടെ ഭരണത്തിന് കീഴില്‍ 'ജയ് ശ്രീറാം' എന്നു വിളിച്ചാല്‍ പോലും ജയിലിലാകും എന്നാണ് ബിജെപി പറയുന്നത്. ജയ് ശ്രീ റാം എന്ന് വിളിച്ചയാള്ക്കാരെ മമത അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ബിജെപിയുടെ കാര്യകര്‍ത്താക്കന്മാര്‍ രാഷ്ട്രീയഅക്രമത്തില് മരണമടയുക വരെ ചെയ്തു. അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കൂട്ട രാജി പ്രഖ്യാപിച്ച് ബംഗാളിനെ ചുരുട്ടിയത്. പ്രായാധിക്യത്താലുള്ള വൃദ്ധന്റെ മരണത്തെ തുടര്‍ന്ന് ഡോക്ടറെ ബന്ധുക്കള്‍ ആക്രമിച്ചതിന് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധവും സംസ്ഥാനം കണ്ടതായി ബിജെപി അനുകൂല വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.






