
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ് ഭരണചുമതലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിച്ചെത്തിയതില്‍ അതിരൂപതയിലെ സഹായ മെത്രാന്മാര്ക്കും വൈദികര്‍ക്കും പ്രതിഷേധം. കര്‍ദ്ദിനാള്‍ അതിരൂപത ആസ്ഥാനത്ത് എത്തി ചുമതലയേറ്റതിന്റെ സഹായ മെത്രാന് മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപത ആസ്ഥാനത്ത് നിന്നിറങ്ങിയ ബിഷപ് എടയന്ത്രത്ത് വൈക്കത്തുള്ള തന്റെ കുടുംബവീട്ടിലേക്ക് പോയി. അതിരൂപത ഉന്നയിച്ച വിഷയങ്ങളില്‍ വത്തിക്കാനില്‍ നിന്ന് ഒരു തീരുമാനം വന്നതിനു ശേഷമേ തിരികെ ബിഷപ് ഹൗസില്‍ പ്രവേശിക്കൂവെന്ന് അദ്ദേഹം പറഞ്ഞതായാണ് ബിഷപ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
മറ്റൊരു സഹായ മെത്രാന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ചുണങ്ങുംവേലിയിലുള്ള സഭയുടെ പരിപാടിയില്‍ €ാസ് എടുക്കാന്‍ പോയിരിക്കുകയാണ്. വത്തിക്കാനില്‍ നിന്നുള്ള തീരുമാനം അറിഞ്ഞശേഷം ബിഷപ് ഹൗസില്‍ തിരികെ എത്താമെന്ന നിലപാടിലയാണ് അദ്ദേഹവും.
അതിനിടെ, വത്തിക്കാനില്‍ നിന്നുള്ള നടപടി താത്ക്കാലികമാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരും. വൈദികരും അത്മായ സംഘടനകളുടെ പ്രതിനിധികളും തിരിക്കിട്ട ചര്‍ച്ചകളിലാണ്. കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്ന സൂചനയാണ് വൈദികരുടെ ഭാഗത്തുനിന്നും വരുന്നത്.
അതിരൂപത ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വര്‍ഷം മുന്‍പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരുപതയുടെ ഭരണചുമതലയില്‍ നിന്ന് മാറ്റി അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആയി പാലക്കാട് ബിഷപ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു നിയമനം. ഈ കാലയളവില്‍ ഭൂമി ഇടപാടിനെ കുറിച്ച് രാജ്യാന്തര ഏജന്‍സിയെ വച്ച് അന്വേഷണം നടത്തിയ വത്തിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതിരൂപതയുടെ ഭരണം നിര്‍വഹിക്കാനുമായിരുന്നു നിയമനം. നിശ്ചിത സമയപരിധിക്കുള്ളില്‍ കെ.പി.എം.ജി എന്ന അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഇന്നലെ പൂര്‍ത്തിയാകുകയും ചെയ്ത സാഹചര്യത്തില്‍ ചുമതല ഒഴിയാന്‍ വത്തിക്കാനിലെ ഓറിയന്റല്‍ കോണ്ഗ്രിഗേഷന് നിര്‍ദേശിക്കുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ആര്‍ച്ച്ബിഷപ് ആയി കര്‍ദ്ദിനാള്‍ ചുമതല ഏറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണക്കുറിപ്പ് കാക്കനാടുള്ള സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നും പുറത്തുവിടും.






