
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന. ഓപ്പറേഷന് ഉജാല എന്ന പേരില്‍ തുടങ്ങിയ റെയിഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്.ടി.ഒ ഓഫീസുകളിലും റീജിണല്‍ ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്.
ആര്.ടി.ഒ ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നിരവധി പരാതികള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വിജിലന്‍സ് പരിശോധന. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ ആര്.ടി.ഒ, ജോയിന്റ് ആര്.ടി.ഒ ഓഫീസുകള്‍ ഉള്‍പ്പെടെ 66 കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്.
റെയ്ഡിനിടെ ചിലയിടങ്ങളില്‍ ഏജന്റുമാരെ പണം സഹിതം പിടികൂടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല, മാവേലിക്കര, ആര്.ടി.ഒ ഓഫീസുകളിലാണ് പണവുമായി ഏജന്റ്മാര്‍ പിടിയിലായത്. കായംകുളത്ത് മാത്രം അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് നാല്‍പ്പതിനായിരം രൂപയിലധികം രൂപ പിടികൂടി.
റെയ്ഡ് രാത്രിവരെ നീളും എന്നാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമാക്കാന്‍ സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ വിവിധ വെബ്സൈറ്റുകളും ഓണ്‍ലൈന്‍ സേവനങ്ങളും നടപ്പിലാക്കിയെങ്കിലും പലതും ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുന്നതായി വിജിലന്‍സിനു നിരന്തരം പരാതി ലഭിച്ചിരുന്നു.






