
ന്യൂഡല്‍ഹി : മഹാപ്രളയം നാശംവിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്കിന്റെ 25കോടി ഡോളറിന്റെ സാമ്പത്തിക സഹായം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയോളം കേരളത്തിനു സാമ്പത്തിക സഹായമായി ലഭിക്കും. വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവച്ചു. മുപ്പത് വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
2018ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നാശനഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്. റീബില്‍ഡ് കേള പദ്ധതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം. വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി വലിയൊരു തുകയാണ് കേരളത്തിനു ലഭിക്കുക.
ജലസേചനം, ജലവിതരണം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലാണ് സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞ വര്‍ഷം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നദീതട വികസനം, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുസ്ഥിര കാര്‍ഷിക വികസനം, കാര്‍ഷിക പദ്ധതികളുടെ സഹായം, റോഡ് നിര്‍മ്മാണം തുടങ്ങിയ മേഖലകളും സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ചീഫ് സെക്രച്ചറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിനു വേണ്ടി കണ്ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദാണ് ഈ ത്രികക്ഷികരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.






