
സെല്‍ഫികള്‍ കൊലയാളി സ്രാവുകളേക്കാള്‍ മാരകമെന്ന് പുതിയ റിപ്പോര്‍ട്ട്. ഫാമിലി മെഡിസിന് ആന്റ് പ്രൈമറി കെയര്‍ എന്ന ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ അഞ്ചിരട്ടിയാളുകള്‍ സെല്‍ഫികള്‍ മൂലം മരിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
2011 ഒക്ടോബറിനും നവംബര്‍ 2017 നും ഇടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ മരണപ്പെട്ടത് 259 പേരാണെന്നും സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 50 പേര് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലാണ് സെല്‍ഫി എടുക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. 159 പേരാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ മരിച്ചത്. ഇത് ആഗോളതലത്തിലുള്ള കണക്കിന്റെ പകുതിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെല്‍ഫി മരണങ്ങളുടെ കണക്കുകളില്‍ റഷ്യ, അമേരിക്ക, പാകിസ്താന് എന്നീ രാജ്യങ്ങളുമുണ്ട്. റഷ്യയില്‍ വലിയ പാലങ്ങള്‍ക്ക് മുകളില്‍ നിന്നും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും വീണാണ് പലരും മരണപ്പെട്ടത്.
2015 -ല്‍ അപകടമില്ലാതെ സെല്‍ഫിയെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസ് ഇവിടെ പുറത്തിറക്കിയിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെ സ്വയം വെടിയേറ്റുള്ള മരണമാണ് അമേരിക്കയില്‍ കൂടുതലും സംഭവിച്ചിട്ടുള്ളത്. ഗ്രാന്റ് കാന്യന് മലമുകളില്‍ നിന്ന് വീണും ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.






