
ബിര്മിങാം : ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. നീലപ്പട ഇന്ന് ഓറഞ്ച് ജേഴ്സിയിലാണ് കളിയ്ക്കാൻ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ലോകകപ്പ് സെമിയിൽ പ്രവേശിക്കാനാകും. അതേസമയം ഇംഗ്ലണ്ട് ഇന്ന് തോറ്റാൽ ലോകകപ്പിൽ നിന്നും ചിലപ്പോൾ പുറത്താക്കാനും സാധ്യതയുണ്ട്. കളിച്ച മത്സരങ്ങളിൽ ഒന്നും തന്നെ പരാജയപ്പെടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ തുടക്കത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് കഴിഞ്ഞ കളികളിലെല്ലാം വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇന്ത്യൻ ടീമിൽ ഇന്ന് പ്രധാനമായും ഒരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിജയ് ശങ്കർ ഇന്ന് കളിക്കില്ല. പകരം ധവാന് പകരം ടീമിലെത്തിയ ഋഷഭ് പന്താണ് ഇന്ന് കളിക്കുന്നത്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റമാണ് ഇന്ന് നടക്കുന്ന മത്സരം. ഇംഗ്ലണ്ടിലും രണ്ട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്ലങ്കറ്റും, ജെയ്സൺ റോയുമാണ് ഇംഗ്ലണ്ട് ടീമിൽ ഇന്ന് കളിക്കുന്നത്.
ടീം ഇന്ത്യ : കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഋഷഭ പന്ത്, എം എസ് ധോണി,കേദാർ ജാദവ്, ഹർദിക് പാണ്ട്യ,കുൽദീപ് യാദവ്,മുഹമ്മദ് ഷമി,യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുമ്രഹ.
ടീം ഇംഗ്ലണ്ട് : ജെയ്സൺ റോയ്, ജോണി ബർസ്ടൗ, ജോ റൂട്ട്,ഇഒയ്ൻ മോർഗൻ,ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ,ക്രിസ് വോക്സ്,ലിയാം പ്ലങ്കറ്റ്,ആടിൽ റഷീദ്,ജോഫ്രെ അർച്ചർ, മാർക്ക് വുഡ്.






