
റൗത്തക് : കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. പരോളിന് അപേക്ഷ നല്കി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഗുര്‍മീത് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍, എന്താണ് ഇതിന് കാരണമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്.
ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം കൃഷിയിടത്തില്‍ കൃഷി ഇറക്കാന്‍ വേണ്ടി പരോള്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷയില്‍ ഗുര്‍മീതിന്റെ ആവശ്യം.
സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ജൂണ്‍ 18 ന് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
ജയിലില്‍ ഗുര്‍മീതിന്റെ പെരുമാറ്റം മതിപ്പുള്ള രീതിയിലായിരുന്നുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്. ഗുര്‍മീതിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിയെ ബിജെപി മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഗുര്‍മീത് തന്റെ പരോള്‍ അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്.






