
ന്യൂഡല്‍ഹി: സഭാ തര്‍ക്കത്തില്‍ കര്‍ക്കശ നിലപാടുമായി സുപ്രീം കോടതി. സഭാ കേസില്‍ 2017ലെ വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാര ശ്രമവും വേണ്ടന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അത്തരത്തിലുള്ള ഒരു സമാന്തര സംവിധാനവും സൃഷ്ടിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പിലാക്കുന്നതിന് പോലീസ് സുരക്ഷ തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ചൊവ്വാഴ്ചയാണ് വിധി പ്രസ്താവിച്ചത്. വിധിപ്പകര്‍പ്പ് ഇന്ന് പുറത്തുവന്നു. 2017ലെ സുപ്രീം കോടതി വിധി വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ദുര്‍ബലപ്പെടുത്തി. അത്തരത്തിലുള്ള വ്യാഖ്യാനമൊന്നും നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ട് ഒരു നടപടിയും ആരില്‍ നിന്നും ഉണ്ടാകരുത്. വിധിക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ല. സുപ്രീം കോടതി വിധി അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയാണ് വേണ്ടത്. കോടതി വിധി അംഗീകരിച്ചുകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും പ്രശ്നപരിഹാരം പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.






