
കോയമ്പത്തൂര്‍ : ജാതിമാറി വിവാഹം ചെയ്ത ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി പെരിയാര്‍ നഗര്‍ കോളനിയിലാണ് മനസാക്ഷി നടുക്കുന്ന സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട യുവതി ഗര്‍ഭിണിയാണ്.
വീടിന് പുറത്തുള്ള കട്ടിലില്‍ കിടന്നുറങ്ങവേയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. പെരിയാര്‍ നഗര്‍ കോളജി തിരുമണിയുടെ മകന് ചോലൈരാജ (23), അഴകറുടെ മകള്‍ ചേച്ചിയമ്മാള്‍ എന്ന ജ്യോതി (20) എന്നിവരെയാണ് അതി ദാരുണമായി വെട്ടിക്കൊന്നത്.
ചോലൈരാജയുടെ വീട്ടിലാണ് സംഭവം. രാവിലെ വീടിന് പുറത്തിറങ്ങിയ ചോലെരാജയുടെ അമ്മ മുത്തുമാരിയാണ് മകനും ഭാര്യയും കഴുത്തും കൈകാലുകളും അറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ നിലവിളികേട്ട് എത്തിയ അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുറ്റവാളികളെ അറസ്റ്റു ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്ന നാട്ടുകാരെ കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന ഉറപ്പില്‍ അനുനയിപ്പിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പല തവണ ഭീഷണിയും കൊലവിളിയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊല. സംഭവത്തില്‍ ജ്യോതിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഉപ്പു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായ ഇവര്‍ മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്.






