
ചെന്നൈ: രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട എംഡിഎംകെ നേതാവ് വൈകോയ്ക്ക് ഒരു വര്‍ഷം തടവ്. ചെന്നൈയിലെ പ്രത്യേക കോടതിയാണ് ഒരു വര്‍ഷം തടവും കൂടാതെ 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് 2009 ലാണ് വൈകോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് 75 കാരനായ വൈകോയ്ക്കെതിരെ വിധി വന്നിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ടു 2008 ല്‍ നടത്തിയ വിവാദ പ്രസംഗത്തിനാണ് വിധി വന്നിരിക്കുന്നത്. തുടര്‍ന്ന് 2009 ല്‍ അദേഹത്തിനെതിരെ തമിഴ്നാട് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രസംഗം എന്ന് ആരോപിച്ചാണ് തമിഴ്നാട് പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം കേസെടുത്തത്.
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്നത് എന്താണെന്ന് ക്ഷണിക്കപ്പെട്ട സദസില്‍ സംസാരിക്കവെ തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തെ പിന്തുണയ്ക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. പുസ്തക പ്രസാദക ചടങ്ങില്‍ പങ്കെടുക്കവെയാണ് വിവാദ പ്രസംഗം നടത്തിയത്. 2009 ല്‍ രാജ അണ്ണാമലൈ മന്ത്രം സംഘടിപ്പിച്ച 'ശ്രീലങ്കയില്‍ നടക്കുന്നത് എന്താണെന്ന' വിഷയത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.






