
ന്യൂഡല്‍ഹി : ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ഹര്‍ജി തള്ളിയത്.
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്കിയ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയത് എന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിയ ശ്രമമാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അരുണ്‍ മിശ്ര പറഞ്ഞു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. പണം കിട്ടിയാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്കൊക്കെ പണം മാത്രം മതിയോ എന്നും അരുണ്‍ മിശ്ര കുറ്റപ്പെടുത്തി. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു.
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തളള്ളിയിരുന്നു.






