
തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സി.പി.എം പ്രവര്ത്തകന് അമ്പലക്കുളങ്ങര സ്വദേശി കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ജിവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ഇപ്പോഴാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.
ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരായ പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ ആമ്പിലാട്ടുചാലില് പവിത്രന്, തമ്പാന്‍കടവിലെ കാഞ്ഞിരുങ്കല് ഫല്ഹുനന്, സെട്രല്‍ പൊയിലൂര്‍ കച്ചേരി കുഞ്ഞിപ്പറമ്പ് രഘു, അരക്കിണര്‍ ഭദ്രാ നിവാസില്‍ സനല്‍ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി.കെ ദിനേശന്, മൊകേരിയിലെ കുനിയില്‍ കോളത്താംവീട്ടില് കൊട്ടക്ക ശശി, കൂത്തുപറമ്പ് കോയപ്രം വീട്ടില്‍ അനില്‍ കുമാര്‍, സെന്‍ട്രല്‍ പൊയിലൂരിലെ തലശിയില് സുനി, ബാലുശേരിയിലെ പി.വി അശോകന് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി 25 സാക്ഷികളേയും പ്രതിഭാഗത്തിനു വേണ്ടി രണ്ടു സാക്ഷികളേയുമാണ് വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.






