
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ അരങ്ങേറുന്നത് എച്ച്.ഡി. കുമാരസ്വാമിയെ പുറത്താക്കാനുള്ള കോണ്‍ഗ്രസിന്റെ ഗെയം പ്ലാന്‍ ആണെന്ന് ബിജെപി. കര്‍ണാടകത്തില്‍ എച്ച്.ഡി. കുമാരസ്വാമിയെ പുറത്താക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എച്ച്.ഡി. ദേവഗൗഡ കുടുംബത്തെ പുറത്താക്കാനുള്ള ഗെയിം പ്ലാനാണിതെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും, സിദ്ധരാമയ്യയാണ് ഇതിന് ഉത്തരവാദി എന്നും ജോഷി ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി ഉടലെടുത്തതോടെ യുഎസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബെംഗളരുവിലേക്ക് ഇന്ന് മടങ്ങിയെത്തും. ഇതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കോണ്‍ഗ്രസ് ബെംഗളുരുവിലേക്ക് വിളിപ്പിച്ചു. ബ്ലാക്ക്മെയിലിങ്ങിന് വഴങ്ങില്ലെന്നും, ന്യായമായ പരാതികള്‍ പരിഹരിക്കുമെന്നും എഐസിസി വ്യക്തമാക്കി. നിലവില്‍ എംഎല്‍എമാരുമായി സമ്പര്‍ക്കത്തിലാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.
കര്‍ണാടകയിലെ 12 ഭരണകക്ഷി എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് ഒന്‍പതും ജെഡിഎസില്‍ നിന്ന് മൂന്ന് എംഎല്‍മാരുമാണ് സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനു മുന്നിലെത്തി രാജി സമര്‍പ്പിച്ചത്. രാജിക്കു പിന്നില്‍ ബിജെപി അല്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയെങ്കിലും വിമത എംഎല്‍എമാര്‍ ശനിയാഴ്ച വൈകിട്ട് മുംബൈയിലേക്ക് തിരിച്ചത് ബിജെപി എംപിയുടെ വിമാനത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ബിജെപി അല്ലെന്ന് ബി.എസ്.യെദ്യൂരപ്പയും പ്രതികരിച്ചിരുന്നു.






