
പൂന: ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റൊന്ന് എത്തിച്ചു നല്കിയ ഭക്ഷണവിതരണ ആപ്ലിക്കേഷനായ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴ. പൂനയിലെ ഉപഭോക്തൃ കോടതിയാണ് സൊമാട്ടോയ്ക്കും പൂനയിലെ ഹോട്ടലിനും 55,000 രൂപ പിഴ ഈാടാക്കിയത്.
വെജിറ്റേറിയന്‍ ഭക്ഷണമായ പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനു ലഭിച്ചത് ബട്ടര്‍ ചിക്കനാണ്. എന്നാല്‍ ഭക്ഷണം തിരിച്ചറിയാന്‍ കഴിയാതെ ഷണ്‍മുഖ് രണ്ടു വട്ടവും ഇത് കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഷണ്‍മുഖ് കോടതിയില്‍ സമീപിച്ചത്.
അതേസമയം ഹോട്ടലിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും, കമ്പനിയെ അപമാനിക്കാനാണ് ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും സൊമാട്ടോ വാദിച്ചു. ഭക്ഷണത്തിന്റെ പണം തിരികെ നല്‍കിയെന്നും സൊമാട്ടോ വ്യക്തമാക്കിയെങ്കിലും പിഴവ് കണ്ടെത്തിയ കോടതി പിഴ ഈടാക്കുകയായിരുന്നു. 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കൈമാറാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.






