
ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്കായി രണ്ട് സ്വര്‍ണ്ണവുമായി അത്ലറ്റ് ഹിമാ ദാസ്. പോളണ്ടില്‍ നടക്കുന്ന കുട്നോ അത്ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ് ഹിമാ ഒന്നാമതെത്തിയത്. 23.97 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ഹിമ സ്വര്‍ണ്ണം നേടിയത്.
ഇതേ ഇനത്തില്‍ മലയാളി താരം വി.കെ. വിസ്മയ വെള്ളിയും സ്വന്തമാക്കി. 24.06 സെക്കന്‍ഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പോളണ്ടിലെ തന്നെ പോസ്നന് അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിയിലും ഇതേ ഇനത്തില്‍ ഹിമ സ്വര്‍ണ്ണം നേടിയിരുന്നു. 23.65 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.
മലയാളി താരം മുഹമ്മദ് അനസ് കുട്നോയില് 200 മീറ്ററില്‍ സ്വര്‍ണ്ണം നേടി. 21.18 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. 400 മീറ്ററില്‍ എംപി ജാബിറും സ്വര്‍ണ്ണം നേടി.






