
ന്യൂയോര്‍ക്ക് : തായ്വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയോട് ചൈന. തായ്വാനുമായി യു.എസ് നടത്തുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന ഉടന്‍ പിന്‍വലിക്കണമെന്നും എല്ലാത്തരം സൈനീക ബന്ധവും വിച്ഛേദിക്കണമെന്നുമാണ് ചൈനയുടെ ആവശ്യം.
തായ്വാന് 108 അബ്രാസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ആയുധ വില്‍പ്പന സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പെന്‍ഗണ്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ് യു.എസിനെതിരെ രൂക്ഷമായ വാക്കുകളില്‍ ആക്രമണം അഴിച്ചു വിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനീസ് ഭീഷണിക്ക് മറുപടിയുമായി തായ്വാന് രംഗത്തെത്തി. സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യു.എസ് നല്കുന്ന പിന്തുണയാണ് ഇതെന്ന് തായ്വാന് പറഞ്ഞു.






