
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയും സൈറ്റ് എൻജിനീയറുമായ രാഹുൽ ശർമ, ബിഹാർ സ്വദേശിയും എക്സ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയും സർവേയറുമായ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിയാത്ത ഒരു മൃതദേഹവും ഉൾപ്പെടെയാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചെത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇന്ന് ലഭിച്ച തിരിച്ചറിയാത്ത മൃതദേഹം ഇവരിൽ ഒരാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ പൂർത്തിയായിട്ടില്ല.
രാവിലെ നടത്തിയ തിരച്ചിലിൽ സോൺ ഒന്നിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പുഴയോട് ചേർന്ന മൂന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്.






