
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളും, സംസ്ഥാന അധ്യക്ഷന്റെ പേരിൽ പ്രചരിക്കുന്ന ഓഫീസ് സർക്കുലറും വ്യാജമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ കണ്ടെത്തിയിട്ടില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ദേശീയതലം മുതൽ സംസ്ഥാന, ജില്ല, നിയോജകമണ്ഡലം തലങ്ങൾ വരെ ഓഡിറ്റിംഗ് നടപടികൾ പൂർത്തിയാക്കിയ പാർട്ടിയാണ് ബിജെപിയെന്നും നേതൃത്വം അവകാശപ്പെട്ടു.
തീർത്തും സുതാര്യമായ സംവിധാനത്തിലൂടെയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നും, ചരിത്രത്തിലാദ്യമായി മൂന്ന് എംഎൽഎമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞതും അതിന്റെ തെളിവാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിന്റെ ഭാഗമായി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ചിരുന്നുവെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
ബിജെപിയുടെ വളർച്ചയിലും നേതൃത്വത്തിലും അസ്വസ്ഥരായ ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, ഇത്തരം പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ അച്ചടക്ക നടപടികൾ ആഭ്യന്തര വിഷയമാണെന്നും, അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
വ്യാജരേഖകൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.






