
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. സഹായമെത്രാന്മാരെ നീക്കിയത് വത്തിക്കാന്‍ ആണെന്നും പുതിയ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്.
അതിരൂപതയുടെ പൊതുനന്മയെക്കരുതിയാണ് സഭാ സ്വത്തുക്കള്‍ വില്ക്കാന് തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഞായറാഴ്ച അതിരൂപതയിലെ പള്ളികളില്‍ വായിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിവിധ വിഷയങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശദീകരണം നല്‍കിയിരിക്കുന്നത്. സഭയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
രൂപതയുടെ പ്രവര്‍ത്തനത്തിന് പുതിയ മെത്രാനെ വൈകാതെ നിയമിക്കാനാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മാര്‍പ്പാപ്പയില്‍ നിന്നും വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സഹായ മെത്രാന്മാരെ ബിഷപ്പ് മാര്‍ സെബാസ്റ്റിയന് എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.






