
ലോര്‍ഡ്സില്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ 242 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. 20 പന്തില്‍ മൂന്നു ബൗണ്ടറിയോടെ 17 റണ്‍സെടുത്ത ജേസണ്‍ റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് റോയ് മടങ്ങിയത്. 10 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും രണ്ടു റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
ലോര്‍ഡ്സില്‍ ടോസ് നേടി വിശ്വപോരാട്ടത്തിന് ആദ്യം ബാറ്റ് ഉയര്‍ത്തിയ ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോളാസിന്റെ അര്‍ധ സെഞ്ചുറി (77 പന്തില്‍ നാലു ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സ്)യും ടോം ലാതത്തിന്റെ( 56 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 47 റണ്‍സ്) ബാറ്റിങ്ങ് മികവാണ് ന്യൂസിലാന്ഡിസ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
മുന്‍ വിക്കറ്റുകള്‍ 'ഡിആര്‍എസ്' നിര്‍ണയിച്ച ഫൈനല്‍ പോരിനാണ് ലോര്‍ഡ്സ് സാക്ഷ്യം വഹിച്ചത്. ഡിആര്‍എസിന്റെ തുണയോടെ നിക്കോളാസാണ് ആദ്യം ജീവന് വീണ്ടെടുത്തത്. എന്നാല്‍ അതേ ഡിആര്‍എസ് മാര്ട്ടിന് ഗുപ്റ്റിലിനെ കൂടാരം കയറ്റുകയും ചെയ്തു. ഗുപ്റ്റില്‍( 18 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റണ്‍സ്) ക്രിസ് വോക്സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായതിനു പിന്നാലെ രണ്ടാം വിക്കറ്റില്‍ ഹെന്റി നിക്കോളാസും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണുമാണ് കിവീസ് സ്കോര്‍ 100 കടത്തിയത്. സ്കോര്‍ 100 കടന്നതിനു പിന്നാലെ കെയ്ന്‍ വില്യംസണിനെ( 53 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 30 റണ്‍സ്) പ്ലങ്കറ്റ് വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ നിക്കോളാസിനൊപ്പം ചേര്‍ന്ന് സ്കോര്‍ മെല്ലെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോസ് ടെയ്ലറുടെ വിക്കറ്റ് വുഡ് വീഴ്ത്തി. 31 പന്തില്‍ 15 റണ്‍സെടുത്ത നില്‍ക്കവെ വുഡിന്റെ പന്തിലാണ് എല്‍ബി ആയി ടെയ്ലര് മടങ്ങിയത്. എല്‍ബി അല്ലെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമായിരുന്നു.
തുടര്‍ന്ന് ടോം ലാതത്തിന്റെ ഇന്നിങ്സാണ് കിവീസിനെ കരകയറ്റിയത്. ക്രിസ് വോക്സാണ് ലാതത്തെ മടക്കിയത്. ജെയിംസ് നീഷാം( 25 പന്തില്‍ 19 റണ്‍സ്), കോളിന് ഡി ഗ്രാന്‍ഡ്ഹോം(28 പന്തില്‍ 16 റണ്‍സ്) മാറ്റ് ഹെന്റി( രണ്ട് പന്തില്‍ നാല്), എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്നമാരുടെ ബാറ്റിങ് പ്രകടനം. അഞ്ചു റണ്‍സുമായി സാന്റ്നറും ഒരു റണ്‍സുമായി ട്രന്റ് ബോള്‍ട്ടും പുറത്താകാതെ നിന്നു. ക്രിസ് വോക്സ് ഒന്‍പത് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും, പ്ലങ്കറ്റ് പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലാന്‍ഡ് നിരയെ ചെറിയ സ്കോറില്‍ വരിഞ്ഞുകെട്ടിയത്. ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.






