
ന്യുഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരട് രൂപത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേര് തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്ത്യക്ക് അഭയാര്‍ത്ഥികളുടെ തലസ്ഥാനമാകാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രശ്നം ഏറ്റവും കൂടുതലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. അനധികൃത കുടിയേറ്റങ്ങള്‍ തുടച്ചുനീക്കണം. എന്നാല്‍ അത് അങ്ങേയറ്റത്തെ ജാഗ്രതയോടെ വേണം-സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂലായ് 31ന് അന്തിമ കരട് പ്രസിദ്ധീകരിക്കുന്ന സമയപരിധിയില്‍ അനുയോജ്യമായ പരിഷ്കാരം ആകാമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ അന്തിമ കരടില്‍ 20ശതമാനവും അസമിലെ കരട് പട്ടികയില്‍ 10 ശതമാനവും വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.






