
ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന്റെ പിറ്റേന്ന് രാവിലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപരിപഠനം നടത്തിവരികയായിരുന്ന 25 വയസ്സുകാരനാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നു.
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള താലമഡ്‌ല ഗ്രാമത്തിലെ എസ്. ശ്രീനാഥ് റെഡ്ഡിയാണ് മരിച്ചത്. 14 മാസം മുമ്പാണ് ശ്രീനാഥ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. ശ്രീനാഥ് മുറിയിൽ തൂങ്ങിമരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന റൂംമേറ്റ് അവകാശപ്പെടുന്നത്. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് റൂംമേറ്റ് മൃതദേഹം കണ്ടെത്തിയതെങ്കിലും, വളരെ വൈകിയാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചതെന്ന് ലണ്ടനിൽ താമസിക്കുന്ന ശ്രീനാഥിന്റെ ഒരു ബന്ധു പറഞ്ഞു.
മകന്റെ മരണത്തിലെ സാഹചര്യങ്ങളിൽ ദുരൂഹതയുണ്ടെന്നും യഥാർത്ഥ കാരണം വ്യക്തമല്ലെന്നുമാണ് പിതാവ് മധുസൂദനൻ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചത്. മരണപ്പെടുന്നതിന്റെ തലേദിവസം രാത്രിയും ശ്രീനാഥ് വീട്ടുകാരുമായി സാധാരണ രീതിയിൽ സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയായിരുന്നു ശ്രീനാഥ്. സാധാരണ കുടുംബ പശ്ചാത്തലമുള്ള ശ്രീനാഥ് വിദ്യാഭ്യാസ വായ്പയെടുത്തും ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയുമാണ് ലണ്ടനിലേക്ക് പോയത്.
മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്ന് പിതാവ് അഭ്യർത്ഥിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് നിലവിൽ ക്രൗഡ് ഫണ്ടിംഗ് വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.






