
തിരുവനന്തപുരം: മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ധാരണയിലെത്തി. മലപ്പുറം, പാലക്കാട് ജില്ലകൾക്കായിരിക്കും മുൻഗണന. ഇത് സംബന്ധിച്ച ക്യാബിനറ്റ് നോട്ട് തയ്യാറാക്കിവരികയാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
രണ്ടാം അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ശേഷമാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു സീറ്റ് ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടിരുന്നത്.
എങ്കിലും, വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തുന്ന ആർ.ഡി.ഡി അധ്യക്ഷനായ പ്രാദേശിക സമിതികളെയോ സംസ്ഥാനതല സമിതിയെയോ വിശ്വാസത്തിലെടുക്കാതെയാണ് ഈ തീരുമാനമെന്ന വിമർശനം ഉയരുന്നുണ്ട്. സമിതികളുടെ റിപ്പോർട്ടില്ലാതെ ബാച്ചുകൾ അനുവദിക്കുന്നത് ഭാവിയിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.






