
സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഫേസ്ആപ്പിന് പിന്നാലെയാണ്. ചിത്രങ്ങളില്‍ രൂപമാറ്റം വരുത്തി പ്രായം കൂട്ടൂകയും കുറയ്ക്കുകയും ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ഇത്. ഈ ആപ്പ് തരംഗമായതോടെ ഇതിന്റെ സുരക്ഷയെ കുറിച്ചും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
ആപ്പിനെതിരെ എഫ്ബിഐ അന്വേഷിക്കണമെന്നാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്. റഷ്യന്‍ കമ്പനി വയര്‍ലെസ് ലാബ്സ് ആണ് ഫേസ്ആപ്പിന് പിന്നില്‍. അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആപ്പാണ് ഇതെന്ന് ചക്ക് കുറ്റപ്പെടുത്തുന്നു. ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ചക്ക് ഷൂമര്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേഷന്‍ സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരാള്‍ ആപ്പില്‍ നല്കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോണ്‍ സെര്‍വറുകളില്‍ നിലനില്ക്കും. പക്ഷേ അവര്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസന്‍സ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയര്‍ലെസ് ലാബ്സ് നിങ്ങളുടെ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വില്പന നടക്കുമെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ പരിണതഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം റഷ്യന്‍ കമ്പനി തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ആപ്പില്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കാറില്ലെന്നും, അതിന്റെ വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗ് ആസ്ഥാനമാക്കിയ വയര്‍ലെസ് ലാബ്സ് പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ റഷ്യയിലേക്ക് എത്തിക്കുന്നില്ലെന്നും വയര്‍ലെസ് ലാബ്സ് വ്യക്തമാക്കുന്നു.






