
തിരുവനന്തപുരം : വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. പുല്ലുവിള സ്വദേശികളായ യേശുദാസന്, ആന്റണി, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് തിരിച്ചെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന് നടുകടലില്‍ വച്ച് തകരാറാകുകയായിരുന്നു. ഒപ്പം ശക്തമായ കാറ്റും മഴയും എത്തിയതും തീരത്തേയ്ക്കുള്ള മടക്കം വൈകിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ക്ഷീണിതരായ നാലു പേരെയും ആശുപത്രിയിലേയ്ക്ക് മാറ്റി.
ബുധനാഴ്ച വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ എങ്കിലും തിരികെ എത്തേണ്ടിയിരുന്ന ഇവരുടെ ബോട്ട് ശനിയാഴ്ച രാവിലെയായിട്ടും മടങ്ങി വരാതിരുന്നത് തീരത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറില്‍ ഉള്‍പ്പെടെയുള്ള പരിശോധന തുടരുന്നതിനിടെയാണ് ഉച്ചയ്ക്ക് 12 മണിയോടെ നാലുപേരും തിരികെ എത്തിയിരിക്കുന്നത്.
അതേസമയം, കൊല്ലം നീണ്ടകരയില്‍ ബോട്ട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.






