
ആലത്തൂര്‍ : തനിക്ക് 14 ലക്ഷത്തിന്റെ കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നതിനെ കുറിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനും പറയാനുണ്ട് ചിലത്. വിവാദങ്ങളുണ്ടാക്കുന്നവര്‍ മണ്ഡലത്തിലെ തന്റെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജിവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണ് ഇതെന്നും രമ്യ പറയുന്നു.
ആലത്തൂരുകാര്‍ക്കു വേണ്ടിയുള്ള വാഹനമാണ് ഇത്. ആലത്തൂരുകാരിലേയ്ക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് എന്റെ ചുമതല. എംപിയെ സഹായിക്കുക എന്നതില്‍ ഉപരി അത്തരമൊരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്കായി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താന്‍. ഇവിടുത്തെ യുവാക്കള്‍ ഒരുപാട് വിഷയങ്ങളില്‍ ആവലാതിയിലാണ്.
കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര് തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്കിയ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച് പണപ്പിരിവ് നടത്തുന്നത്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടുന്നത്. 25ന് പിരിച്ച തുക പാര്‍ലമെന്റ് കമ്മിറ്റിയെ എല്പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ വിവാദവും തലപൊക്കുകയായിരുന്നു.
എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. ആലത്തൂര്‍ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്കുന്നതില് എന്താണ് പ്രശ്നമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപിന്റെ ചോദ്യം.






