
തിരുവനന്തപുരം : പത്ത് ദിവസത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. എഐഎസ്എഫും, കെഎസ്യുവും നാളെ കോളേജില്‍ യൂണിയന് തുടങ്ങാനാണ് ശ്രമം. കനയ്യകുമാറിനെ ക്യാമ്പസില്‍ കൊണ്ടുവരാനാണ് എഐഎസ്എഫിന്റെ നീക്കം. അതേസമയം എസ്എഫ്ഐ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒപ്പം നിര്‍ത്താനാണ് ശ്രമം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജില്‍ നടന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയ പ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് കോളേജ് വീണ്ടും തുറക്കുന്നത്. മൂന്ന് അധ്യപകരെ സ്ഥലം മാറ്റിയും, സ്ഥിരം പ്രിന്‍സിപ്പാളിനെ വെച്ചും ഒരു ശുദ്ധികലശമാണ് സര്‍ക്കാര്‍ ശ്രമം.
എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയ സാഹചര്യം മുതലാക്കിയാണ് എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയതായി പ്രഖ്യാപിച്ചത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനായെത്തുന്ന കനയ്യകുമാറിനെ ക്യാമ്പസിലെത്തിച്ച് ഒന്നിന് കൊടിമരം സ്ഥാപിക്കാനാണ് ശ്രമം. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കെഎസ്യുവിന്റെ ലക്ഷ്യവും യൂണിറ്റ് തന്നെയാണ്.
കടുത്ത പ്രതിസന്ധിയിലാണ് കേളേജിലെ എസ്എഫ്ഐ യൂണിറ്റ്. കുത്തേറ്റ അഖിലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത്. 25ന് കോളേജിന് മുന്നില്‍ എസ്എഫ്ഐ മഹാപ്രതിരോധം തീര്‍ക്കുന്നുണ്ട്. കോളേജ് തുറക്കുന്ന ആദ്യ ദിനങ്ങളില്‍ കനത്ത പൊലീസ് കാവലുണ്ടാകും. ക്ലാസ് തുടങ്ങിയാലും പരീക്ഷാക്രമക്കേടിലെ സമരങ്ങള്‍ തുടരാനാണ് പ്രതിപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ തീരുമാനം.






