തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ എസ്.എഫ്.ഐ അഖില്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തെ പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 12ന് യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിലാണ് അഖിലിന് കുത്തേറ്റത്. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ തന്നെയാണ് കേസില്‍ പ്രതികള്‍. സംഭവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായിരുന്ന ശിവരഞ്ജിത്ത്, നസീം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
നെഞ്ചില്‍ കുത്തേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ നാല് ദിവസമായി അഖില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. അണുബാധയുണ്ടാകാതെ ശ്രദ്ധിക്കണമെന്നും കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.






