
ബംഗളുരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന സൂചന നല്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. തന്നെ പിന്നില്‍ നിന്നു കുത്തിയ പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ബിജെപിയെയും പിന്നില്‍ നിന്നു കുത്തുമെന്നും ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ചയും വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ സാധ്യത കാണാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ശിവകുമാറിനോടു പ്രതികരണം തേടിയത്.
ഇതിനുശേഷം ജീവിതത്തെ സംബന്ധിച്ചും അദ്ദേഹം ചില നിരീക്ഷണങ്ങള്‍ നടത്തി. ഇതിന്റെയൊക്കെ കാര്യമെന്താണ്. എല്ലാവരും ഏതെങ്കിലും രീതിയില്‍ മരിക്കും. രാത്രിയില്‍ രണ്ടു പെഗ് കൂടുതല്‍ കഴിക്കുക എന്നതു മാത്രമാണ് ഒരാള്‍ക്കു പരമാവധി ചെയ്യാന്‍ കഴിയുന്നത് എന്നും ശിവകുമാര്‍ പറഞ്ഞു.
മുംബൈയിലെ വിമത എംഎല്‍എമാരുടെ മുറിയില്‍ പ്രവേശിക്കുന്നതില്‍നിന്നു തന്നെ വിലക്കി. താനെന്താ കൊള്ളക്കാരനാണോ എന്താണു താനവരോട് ചെയ്തത് അവര്‍ രാജിസമര്‍പ്പിച്ച സമയത്തു തന്നെ തനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ. അഞ്ച് എംഎല്‍എമാരെ പൂട്ടിയിടുന്നത് തനിക്കു ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.






