
ബംഗുളൂരു: കര്‍ണാടകയില്‍ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നില്ലെന്നും ഇനി തന്റെ റോള്‍ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഡി.കെ ശിവകുമാര്‍. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആയിരുന്നു ശിവകുമാറിന്റെ ഈ പരാമര്‍ശം.
ജെഡിഎസുമായി സഖ്യമുണ്ടാക്കിയ തീരുമാനം അനിവാര്യം തന്നെ ആയിരുന്നു. വിമത എംഎല്‍എമാര്‍ എത്രയും വേഗം തന്നെ ബംഗുളൂരുവിലേയ്ക്ക് മടങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. വിശ്വാസ വോട്ടെടുപ്പ് വിജയിക്കും വരെ അവരെ മുംബൈയില്‍ തന്നെ നിലനിര്‍ത്താനാണ് ബിജെപി തീരുമാനമെന്നും ലോനാവാലയില്‍ തന്നെയാണ് അവരെല്ലാം ഇപ്പോഴും ഉള്ളതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാന്റ് എനിക്ക് തരുന്ന റോള്‍ എന്താണെന്ന് അറിയില്ല. ഒരുപക്ഷേ, പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാവാം ചിലപ്പോള്‍ അവരുടെ ആവശ്യമെന്നും എന്ത് പദവി ആയാലും ഏറ്റെടുക്കുമെന്നും ശിവകുമാര്‍ വിശദമാക്കി.
14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പില്‍ നിലംപൊത്തിയത്. കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.






