
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന നളിനി ശ്രീഹരന് ജയില്‍ നിന്നും പരോളില്‍ ഇറങ്ങി. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കും വിവാഹ ചടങ്ങുകളിലും പങ്കെടുക്കാനായി ഒരു മാസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.
വെല്ലൂര്‍ ജയിലില്‍ നിന്നും ഇന്ന് രാവിലെയാണ് നളിനി പുറത്തിറങ്ങിയത്. യു.കെ.യില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും. പരോളില്‍ ഇറങ്ങിയിരിക്കുന്ന നളിനിക്ക് വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും കാണുന്നതിന് വിലക്കുണ്ട്.
പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഒരു ദിവസത്തെ പരോളില്‍ നളിനി പുറത്തിറങ്ങിയിരുന്നു. ഇതൊഴിച്ചാല്‍ 28 വര്‍ഷത്തെ ജയില്‍വാസത്തിനിടെ ആദ്യമായാണ് നളിനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നുണ്ട്.
രാജീവ്ഗാന്ധി വധക്കേസില്‍ ഇവര്‍ക്ക് ഇവര്‍ക്ക് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ഇതിനിടെ, തമിഴ്നാട് മന്ത്രിസഭ നളിനിയെ വിട്ടയക്കാന്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ജയിലിലാണ് മകള്‍ക്ക് ജന്മം നല്‍കിയത്.






