
ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിന് കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് സി.എസ് ഹരി സങ്കര് എന്നിവരടങ്ങിയ ബെഞ്ചാണ് ബര്‍ജി തള്ളിയത്. വന്ദേമാതരത്തെ ദേശീയഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കുന്നതിനായി കേന്ദ്രത്തിന് നിര്‍ദേശം നല്കാന് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും രാജ്യത്ത് കൂടുതല്‍ പ്രചരണം നല്‍കുന്നതിനായി ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും വിദ്യാലയങ്ങളില്‍ ഇവ ആലപിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അശ്വിന് കുമാര്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2017ലിലും ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വന്ദേമതരത്തിന് ജനങ്ങളുടെ മനസില്‍ പ്രത്യേക പദവി ഉണ്ടെങ്കിലും ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കേണ്ട അവശ്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.






