
ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാരനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള ജെയിംസ് എഡ്വേര്‍ഡ് കോര്‍ബറ്റ് എന്ന ജിം കോര്‍ബറ്റ്. കോര്‍ബറ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ കേണലായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ നരഭോജികളാണ് വന്യമൃഗങ്ങളെ വെടിവച്ചിടാന്‍ ഉത്തരേന്ത്യയില്‍ നിയമിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ പലയിടത്തും ജിം കോര്‍ബറ്റിന്റെ സഹായം തേടിയിരുന്നു. കോര്‍ബറ്റ് വെടിവച്ചു കൊന്ന കടുവകളില്‍ ഒന്നായിരുന്നു നരഭോജിയായിരുന്ന ചമ്പാവത്തിലെ കടുവ. 436 പേരെയാണ് കടുവ കൊന്നൊടുക്കിയത്. 436-മത്തെ ഇരയായ പെണ്‍കുട്ടിയെ കൊന്നു തിന്നുകൊണ്ടിരിക്കുമ്പോഴാണ് ജിം കോര്‍ബറ്റ് ചമ്പാവത്തിലെ കടുവയെ വെടിവെച്ചിട്ടത്. 400 പേരെ കൊന്നു തിന്ന അല്‍മോറയിലെ ആണ്‍പുലിയെയും വെടിവച്ചിട്ടത് ജിം കോര്‍ബറ്റ് തന്നെയാണ്. 31 വര്‍ഷത്തെ നായാട്ടിനിടയില്‍ ജിം കോര്‍ബറ്റ് കൊന്നത് 33 നരഭോജികളെയാണ്. അതില്‍ 19 കടുവകളും 14 പുലികളും ഉണ്ടായിരുന്നു.
1920 -ലാണ് കോര്‍ബറ്റ് തന്റെ സുഹൃത്തിനാല്‍ പ്രചോദിതമായി ഒരു കാമറ വാങ്ങുന്നത്. അന്നുമുതല്‍ അദ്ദേഹം കടുവകളെ ഫിലിമിലാക്കിക്കൊണ്ടിരിക്കുന്നു. കുമായോണ്‍ കുന്നുകള്‍ കേന്ദ്രീകരിച്ച് ഹെയ്ലി പാര്‍ക്ക് എന്ന പേരില്‍ ഒരു നാഷണല്‍ പാര്‍ക്ക് തുടങ്ങി വന്യജീവികളെ സംരക്ഷിക്കുന്നതിനെപ്പറ്റി ആദ്യമായി പദ്ധതിയിട്ടത് ജിം കോര്‍ബറ്റ് ആണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ്.
കടുവകളെ കോര്‍ബറ്റിനു വളരെ ബഹുമാനമായിരുന്നു. തന്റെ പുസ്തകത്തില്‍ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, 'അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യര്‍' എന്നാണ്. നരഭോജികളായ കടുവകളുമായി ഏറ്റുമുട്ടിയതിന്റെ അനുഭവക്കുറിപ്പുകളാണ് ജിംകോര്‍ബറ്റിന്റെ പുസ്തകങ്ങള്‍. കോര്‍ബറ്റ് എഴുതിയ 'മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍ ' എന്ന പുസ്തകത്തില്‍ കൂമയൂണ്‍ കടുവകളുമായുള്ള ഏറ്റുമുട്ടലുകളുടെ 13 കഥകളാണുള്ളത്. ' ദി മാന്‍ ഈറ്റിങ് ലെപ്പേഡ് ഓഫ് രുദ്രപ്രയാഗ് '. 'ജംഗിള്‍ സ്റ്റോറീസ്', 'മൈ ഇന്ത്യ', 'ജംഗിള്‍ ലോര്‍', 'ട്രീ ടോപ്സ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങള്‍.






