
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് കുത്തനെ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായാണ് കുറച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സമിതിയുടെ 36-ാംമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. അതിനായി പെട്രോള്‍, ഡീസല്‍ കാറുകളുടെ വാഹന രജിസ്ട്രേഷന് നിരക്കും ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദനയത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇതിനു പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകളുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഇലക്ട്രിക് ബസുകള്‍ വാടകയ്ക്കെടുക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇളവുണ്ട്. ഇവയെ ജി.എസ്.ടി നിരക്കില്‍ നിന്നും ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ഇതു സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ കരട് വിഞ്ജാപനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജി.എസ്.ടി നിരക്ക് കുറച്ചത്.
പുതിയ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന് ചാര്‍ജായി 5000 രൂപ ഈടാക്കിയാണ് നീക്കം. രജിസ്ട്രേഷന് പുതുക്കാന്‍ 10,000 രൂപയും നല്‍കേണ്ടി വരും. നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കുന്നത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. പുതിയ നികുതി നിരക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും.






