ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പിടിയില്‍. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം ജയേഷ്, മണ്ഡലം കമ്മറ്റി അഗം ഷിജു എന്നിവരെയാണ് പിടികൂടിയത്. ഇതില്‍ ജയേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ജയേഷും ഷിജുവും സഞ്ചരിച്ച വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിയാണ്.
അമ്പലപ്പുഴ സ്വദേശി അനന്തു മഹേശന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് പ്രതികള്‍ സഞ്ചരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് അനന്തുവല്ല കാറോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിന് മുന്നിലും രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചത്. സി.പി.ഐ തിരുത്തല്‍വാദികള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കും കെ. രാജുവിനും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു കാനത്തിനെതിരായ പോസ്റ്റര്‍.






